11:17am 13 November 2026
NEWS
കെപിസിസി അധ്യക്ഷ മാറ്റം നീളും; സണ്ണി ജോസഫ് തൽക്കാലം തുടരാൻ സാധ്യത; സമവായത്തിലെത്താതെ ഹൈക്കമാൻഡ്
13/11/2026  10:41 AM IST
nila
കെപിസിസി അധ്യക്ഷ മാറ്റം നീളും; സണ്ണി ജോസഫ് തൽക്കാലം തുടരാൻ സാധ്യത; സമവായത്തിലെത്താതെ ഹൈക്കമാൻഡ്

 

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള പുതിയ നിയമനത്തിൽ കോൺഗ്രസിനുള്ളിൽ ഇതുവരെ ധാരണയായില്ല. അധ്യക്ഷ പദവിക്കായി സംസ്ഥാനത്തെ പ്രമുഖ നേതാക്കൾക്കിടയിൽ അവകാശവാദങ്ങളും നീക്കങ്ങളും ശക്തമായതോടെ, തൽക്കാലം നിയമന നടപടികൾ നീട്ടിവയ്ക്കാനാണ് ഹൈക്കമാൻഡിന്റെ തീരുമാനം. ഇതോടെ നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് തന്നെ പദവിയിൽ തുടരാനാണ് സാധ്യത.

അധ്യക്ഷ സ്ഥാനത്തേക്ക് ഒന്നിലധികം നേതാക്കൾ രംഗത്തുള്ളതും ഒരു പേരിലേക്ക് എത്താൻ കഴിയാത്തതുമാണ് തീരുമാനത്തിന് തടസ്സമാകുന്നത്. സമവായമില്ലാതെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് പാർട്ടിക്കുള്ളിൽ കൂടുതൽ വിഭാഗീയതയ്ക്ക് കാരണമാകുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.

സണ്ണി ജോസഫ് നിലവിലെ പദവിയിൽ തുടരുന്നതിൽ ഹൈക്കമാൻഡിന് എതിർപ്പില്ലെന്നാണ് സൂചന. സംസ്ഥാനത്തെ മന്ത്രിസഭാ ചുമതലയ്ക്കൊപ്പം പാർട്ടി അധ്യക്ഷ സ്ഥാനവും ഒരാൾ വഹിക്കുന്നതിൽ തടസ്സമില്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. കർണാടകയിൽ ഉപമുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം ഡി.കെ. ശിവകുമാറും തെലങ്കാനയിൽ മുഖ്യമന്ത്രി പദവിക്കൊപ്പം രേവന്ത് റെഡ്ഡിയും പിസിസി അധ്യക്ഷ സ്ഥാനം വഹിച്ച മാതൃകകളും നേതൃത്വം ചൂണ്ടിക്കാട്ടുന്നുണ്ട്. സംഘടനാ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി ഇടപെടാൻ സണ്ണി ജോസഫിനോട് നിർദേശിച്ചതായും വിവരമുണ്ട്.

അതിനിടെ, പാർലമെന്റിന്റെ വരാനിരിക്കുന്ന സമ്മേളനവും രാഹുൽ ഗാന്ധിയുടെ യാത്രയുമായി ബന്ധപ്പെട്ട തിരക്കുകളും കാരണം ദേശീയ നേതൃത്വത്തിന് കേരളത്തിലെ വിഷയത്തിൽ ഉടൻ ശ്രദ്ധ കേന്ദ്രീകരിക്കാനാകില്ല. അതിനാൽ അധ്യക്ഷ മാറ്റം സംബന്ധിച്ച ചർച്ചകൾ ഇനിയും നീളാനാണ് സാധ്യത. എല്ലാവർക്കും സ്വീകാര്യമായ ഒരു പേരിൽ ധാരണയിലെത്തിയ ശേഷം മാത്രം അന്തിമ തീരുമാനമെടുത്താൽ മതിയെന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img